ഗൂഗിളിന്റെ ആധിപത്യം അവസാനിക്കുമോ ? ടെക് ലോകം കുറച്ചു ദിവസങ്ങളായി ആശങ്കയോടെ കാത്തിരിക്കുന്ന കാര്യമാണിത്. ആഗോള ടെക് ഭീമനായ ഗൂഗിളിനെ ചെറുഘടകങ്ങളാക്കി മാറ്റാനുള്ള സാധ്യതകൾ അമേരിക്ക തേടിയതോടെയാണിത്. Will the dominance of Google end? US with an unexpected move
ഓണ്‍ലൈൻ സെർച്ച് വിപണിയില്‍ ഗൂഗിളിന്റെ കുത്തകവത്കരണത്തിന് എതിരായ യു.എസ്. കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. ഗൂഗിളിനെ പലതായി വിഭജിക്കുന്നതിന് നടപടിയുണ്ടായാല്‍ 1980-കളില്‍ എ.ടി. ആൻഡ് ടി.യ്ക്കെതിരായുണ്ടായ നടപടിക്കുശേഷം ഇത്തരത്തിലൊന്ന് ആദ്യമായിരിക്കും.
ഓണ്‍ലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു. ഒരുവർഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് അഞ്ചിനു വിധിപ്രസ്താവിച്ചത്. ടെക് ഭീമൻമാരുടെ കുത്തകപൊളിക്കാൻ യു.എസ്. നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിർണായകവിധിയായാണ് ഇതിനെ കാണുന്നത്.
ഗൂഗിളിന്റെ എതിരാളികളുമായി വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടും സെർച്ചിനായി ഗൂഗിള്‍ ഉപയോഗിക്കുന്നതിന് വിവിധ കമ്ബനികളുമായി ഉണ്ടാക്കിയ പ്രത്യേകകരാറുകള്‍ അവസാനിപ്പിച്ചും പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്.