ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയി റായ്ബറേലിയിലും മത്സരിക്കാനില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ, റായ്ബറേലിയിലും പരാജയ ഭീതിയിലാണ് കോൺഗ്രസ്. അനാരോഗ്യം കാരണം റായ്ബറേലിയിലെ സിറ്റിംഗ് എംപിയായ സോണിയ ഗാന്ധി ഇക്കുറി മത്സര രംഗത്തില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.
ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷൻ അജയ് റായി സ്ഥാനാർത്ഥിയാകും. അംറോഹയിൽ പ്രാദേശിക ഘടകത്തിൻറെ പ്രതിഷേധം തള്ളി ബിഎസ്പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നൽകി. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയിൽ പരാജയമാണെന്നും അതിനാൽ സീറ്റ് നൽകരുതെന്നുമാണ് അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തളളി.
മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാർത്ഥികളാകും. 4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.