കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായി കെ.വി തോമസിൻ്റെ മകൾ രേഖ തോമസ് എത്തിയേക്കും.
എന്നാൽ രേഖയുടെ പേര് ഇത്തരത്തിൽ പ്രചരിക്കുന്നത് ആദ്യമായല്ല. 2019ലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്തും രേഖ തോമസിൻ്റെ പേര് പറഞ്ഞു കേട്ടിരുന്നു.
കഴിഞ്ഞ 26 വർഷമായി പ്രമുഖ കമ്പനികളുടെ തേയില, കാപ്പിപ്പൊടി, പഞ്ചസാര തുടങ്ങിയവയുടെ വിതരണം നടത്തുകയാണ് രേഖ. കെ.വി.തോമസിന്റെ തോപ്പുംപടിയിലെ കുറുപ്പശേരി വീടിനോട് ചേർന്നാണ് ഓഫീസ്. സ്വകാര്യ സ്ഥാപനത്തിൽനിന്ന് മാനേജരായി വിരമിച്ച ടോമിയാണ് ഭർത്താവ്.
കൊച്ചി മേയർ എം.അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, യുവ നേതാവ് കെ.എസ്.അരുൺ കുമാർ തുടങ്ങിയവരുടെ പേരുകളും എറണാകുളത്ത് പരിഗണനയിലുണ്ട്.
അതേ സമയം സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്കുള്ള സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി നിർദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ അനുമതി നല്‍കും. ഇതിന് പിന്നാലെ പിബിയുടെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
ചാലക്കുടി, പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി, വടകര എന്നീ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ചാലക്കുടിയിൽ മുൻമന്ത്രി സി.രവീന്ദ്രനാഥിന്റെ പേര് തൃശൂർ ജില്ലാ കമ്മിറ്റിയും നിർദേശിച്ചെങ്കിലും അദ്ദേഹത്തിനു താൽപര്യമില്ല. ഈ മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എറണാകുളത്താണെന്നതിനാൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിർദേശവും പ്രധാനമാണ്.
പാലക്കാട്ട് പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെയും പേരുകൾ ഉയർന്നതോടെ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കണം. ആലത്തൂരിൽ തൃശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾ ഒരുപോലെ മന്ത്രി കെ.രാധാകൃഷ്ണൻ വേണമെന്നു വാദിക്കുന്നതിനാൽ അദ്ദേഹം മത്സരത്തിനു തയാറായേക്കുമെന്നാണു സൂചന.
സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്.