ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പനയോട് ചേർന്നു കിടക്കുന്ന പഞ്ചായത്താണ് കാഞ്ചിയാർ. കുടിയേറ്റ കർഷകരുടെ നാട്. എന്നാൽ നഗരസഭയോട് ചേർന്ന പ്രദേശമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല വന്യമൃഗങ്ങളുടെ ശല്യത്താൽ കർഷകർ വലഞ്ഞു തുടങ്ങി. Wild elephant nuisance and crop destruction are increasing in Idukki Kanchiyar
കാഞ്ചിയാർ കോഴിമല , തൊപ്പിപ്പാള തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. മുൻപൊക്കെ അപൂർവമായാണ് പ്രദേശത്ത് കാട്ടാനയെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷമായി പലപ്പോഴും കാട്ടാന പ്രദേശത്ത് നാശം വിതയ്ക്കുന്നു. കഴിഞ്ഞ ദിവസം കോഴിമല രാജപുരത്തിന് സമീപം കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
ബുധനാഴ്ച അർധരാത്രിയാണ് കാട്ടാന കൃഷി നശിപ്പിച്ചത്. തേക്കനാൽപടി, ഇല്ലിക്കൽമേട് തുടങ്ങിയ പ്രദേശങ്ങളിൽ ഇറങ്ങിയ ആന തേക്കനാൽ മണി, ഒറ്റപ്ലാക്കൽ മുരളി, തേക്കനാൽ സരസമ്മ, ഒറ്റകല്ലുങ്കൽ ജോയി, കപ്പാട് റസാഖ് എന്നിവരുടെ പുരയിടത്തിലെ ഏലം, വാഴ, കമുക് ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. ആനയേക്കുടാതെ കാട്ടുപന്നിയും വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷിയുപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.