തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധി.
വയനാട്ടില്‍ ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കല്ലൂര്‍, മുത്തങ്ങ തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോട്ടത്തറ, വെണ്ണിയോട്, തവിഞ്ഞാല്‍ മേഖലകളിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റോട് കൂടിയാണ് മഴ. മുക്കത്ത് ശക്തമായ കാറ്റില്‍ കടയ്ക്ക് മുകളിലെ ഷീറ്റ് പാറി വീണു. ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്സെത്തിയാണ് ഷീറ്റ് നീക്കം ചെയ്തത്. ബാലുശ്ശേരി മഞ്ഞപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥി മിഥ്ലാജിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശത്ത് ഉള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാസര്‍കോട് മൊഗ്രാല്‍, കാര്യങ്കോട്, നീലേശ്വരം പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് തീരമേഖലകളിലും, മലയോര പ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഖനനപ്രവര്‍ത്തങ്ങള്‍ നിയന്ത്രിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.