കൊല്ലം: സാമ്പത്തിക പ്രതിസന്ധി മൂലം കൊല്ലം കോര്‍പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവെച്ചു. മാസങ്ങളായി ഒരു തൊഴില്‍ ദിനം പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരു കോടി 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വേതന ഇനത്തില്‍ കോര്‍പറേഷന് നല്‍കാനുള്ളത്.
കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ രണ്ടായിരത്തോളം സ്ത്രീകളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്നത്. തൊഴിലാളികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഒരു തൊഴില്‍ ദിനം പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. 40 ദിവസത്തിലധികം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവരുണ്ട്. പദ്ധതി നിലച്ചതോടെ വീട്ടുജോലിക്ക് പോയാണ് പലരും കഴിയുന്നത്.
അതേസമയം, തനത് ഫണ്ടില്‍ നിന്ന് പണമെടുത്ത് കുറച്ച് ദിവസത്തെ വേതനമെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കാനാണ് കോര്‍പറേഷന്റെ ശ്രമം. ഓണം ആകുമ്പോഴെങ്കിലും ചെയ്ത ജോലിയുടെ കൂലി കിട്ടുമോയെന്നാണ് തൊഴിലാളികളുടെ ചോദ്യം.