കേരളത്തിൽ സ്ത്രീകൾ മദ്യപാനത്തില്‍ അത്ര മുന്നിലല്ല, പുരുഷന്മാർ തന്നെ മുൻപന്തിയിൽ എന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കില്‍ അസമില്‍ അത് 16.5 ശതമാനമാണെന്നാണ് കണക്കുകൾ.
ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് രണ്ടാം സ്ഥാനത്തുള്ളത്. അസമിനെക്കാൾ കുറവാണെങ്കിലും ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ് മേഘാലയയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കണക്കുകളില്‍ മൂന്നാം സ്ഥാനത്ത് അരുണാചല്‍ പ്രദേശാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്കിടയിൽ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും പുറത്തു വന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 15-നും 49-നും ഇടയില്‍ പ്രായമുള്ള 59 ശതമാനം പുരുഷന്മാരും മദ്യപിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്.
15 -നും 49 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും മദ്യപിക്കുന്നു എന്നാണ് കണക്കുകൾ. നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും പുതിയ കണക്കുകൾ പറയുന്നു. നിലവിലെ കണക്കുകൾ ജാർഖണ്ഡിൽ 0.3 ശതമാനവും ത്രിപുരയിൽ 0.8 ശതമാനവുമാണ്.
രാജ്യത്തെ കോർപ്പറേറ്റ് മേഖലകളായ ഡൽഹി, മുംബൈ, കർണ്ണാടക ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റൻ സംസ്ഥാനങ്ങൾ പട്ടികയില്‍ പ്രധാന സംസ്ഥാനങ്ങളില്ലെന്നതും വളരെ ശ്രദ്ധേയമാണ്.
കണക്കുകൾ പ്രകാരം കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1.6 ശതമാനം സ്ത്രീകൾ മദ്യപിച്ചിരുന്ന കേരളത്തില്‍ ഇപ്പോൾ 0.2 ശതമാനം സ്ത്രീകൾ മാത്രമേ മദ്യപിക്കുന്നൊള്ളൂവെന്നും കണക്കുകൾ പറയുന്നു. കേരളത്തിലെ പുരുഷന്മാരിൽ 19.9 ശതമാനം പേർ മദ്യപിക്കുന്നവരെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.