പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നു. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധിയാകും വയനാട്ടില്‍ എത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.When Rahul leaves Wayanad, Priyanka Gandhi will also come to Wayanad
രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന പ്രചാരണങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. അക്കാര്യത്തിൽ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരികയാണ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ മുറുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക തന്റെ അടിത്തറ ബലപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു കുടുംബാംഗം എന്നതിലുപരി, സ്വന്തം നിലയ്ക്ക് ജനകീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിനാണ് പ്രിയങ്ക ഈ അവസരം വിനിയോഗിച്ചത്. ഇനി മത്സര രംഗത്തിറങ്ങാന്‍ സമയമായതായി പ്രിയങ്കയും കരുതുന്നുണ്ടാകാണം.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വരുന്നില്ലെങ്കില്‍ തൃശൂരില്‍ പരാജയം നേരിട്ട കെ മുരളീധരനേയോ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനേയോ രംഗത്തിറക്കാനാണ് കെപിസിസി ആലോചിക്കുന്നത്. എന്നാല്‍, കെ മുരളീധരന്‍ ലക്ഷ്യംവയ്ക്കുന്നത് കെപിസിസി പ്രസിഡന്റ് പദവിയാണ്. ഇതിനായുള്ള ചരടുവലികള്‍ മുരളീധരന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന പ്രചാരണങ്ങൾ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, അന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുവിട്ടുനിന്നു.
രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു. രണ്ടു സീറ്റിലും വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്ന വിലയിരുത്തലിലാണ് നേതൃത്വം.
സമാജ്‌വാദി പാര്‍ട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റതിന് പിന്നില്‍, 2022 മുതല്‍ പ്രിയങ്ക സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പങ്ക് തളിക്കളയാനാകില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നും സ്ത്രീകള്‍ക്കിടയില്‍ സജീവ പ്രചാരണം നടത്തിയും നിര്‍ജീവമായി കിടന്ന കമ്മിറ്റികള്‍ പുന:സ്ഥാപിച്ചും പ്രിയങ്ക യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.