തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ ചായക്കടത്തൊഴിലാളി നുജുമുദ്ദീനോട് ചോദിച്ചാൽ വെറും മുന്നൂറ് രൂപയെന്ന് ഉത്തരം പറയും. വെറുതെയങ്ങ് പറയുന്നതല്ല, മുന്നൂറ് രൂപക്ക് കിട്ടിയ പോത്തിനെയും അദ്ദേഹം ചൂണ്ടിക്കാണിക്കും. ഓട്ടോറിക്ഷാ ഡ്രൈവറായ ഓച്ചിറ സ്വദേശി സിദ്ദിഖിന്റെ പോത്തിനെയാണ് മുന്നൂറ് രൂപ മാത്രം മുടക്കി നുജുമുദ്ദീൻ സ്വന്തമാക്കിയത്.
ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ സിദ്ധിഖ് മൂന്നര വർഷം മുൻപാണ് 400 കിലോഗ്രാം തൂക്കമുള്ള ഒരു പോത്തിനെ വാങ്ങിയത്. അൻപതിനായിരം രൂപയായിരുന്നു അന്ന് അതിന്റെ വില.
ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കിയായിരുന്നു പോത്ത് വളർത്തൽ നടത്തിയത്. പോത്തിനെ പോറ്റി വളർത്തി 1000 കിലോഗ്രാം ഭാരമാക്കിയ ശേഷം വിൽക്കാനായി വളരെ വ്യത്യസ്തമായ മാർഗമാണ് സിദ്ദിഖ് സ്വീകരിച്ചത്. ഇതിനായി 300 രൂപ വിലയുള്ള കൂപ്പൺ വിൽക്കുക എന്നതായിരുന്നു സിദ്ദിഖിന്റെ പദ്ധതി. കൂപ്പൺ വിറ്റ ശേഷം നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് പോത്ത് സ്വന്തമാകും എന്നും സിദ്ദിഖ് പ്രഖ്യാപിക്കുകയായിരുന്നു.
നറുക്കെടുപ്പിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലധികം നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായമായി നൽകുവാനും സിദ്ദിഖ് തീരുമാനിച്ചതോടെ പോത്തു കഥ ഓച്ചിറയിലെ വലിയ വിശേഷമായി. കൂപ്പണുകൾ ചൂടപ്പംപോലെ വിറ്റുപോയപ്പോർ ചായക്കട തൊഴിലാളി നുജുമുദ്ദീനാണ് നറുക്ക് വീണത്. സി.ആർ.മഹേഷ് എം.എൽ.എ ഉത്സവ ഭരിതമായ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഗ്രാമപഞ്ചായത്ത് അംഗം അജ്മൽ, അയ്യാണിക്കൽ മജീദ് മെഹർഖാൻ ചേന്നല്ലൂർ ബിജു മുഹമ്മദ്, ജുനൈദ്, ബി.എസ് .ഐഷാ സലാം വിനോദ് എന്നിവർ സംസാരിച്ചു.