കോഴിക്കോട്: പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൊലീസ് ജനങ്ങളോട് മോശമായി പെരുമാറാൻ പാടില്ല എന്ന് ഹൈകോടതി പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലാലോ. പക്ഷേ, ജനങ്ങൾക്ക് അതറിയില്ല. പൊലീസിനെ നമ്മൾ സാർ എന്ന് വിളിക്കേണ്ടതില്ല.
പബ്ലിക്ക് സർവൻറുകളാണ് പൊലീസ്. ജനങ്ങളുടെ സേവകരായ പൊലീസ് നമ്മളെയാണ് സാർ എന്ന് വിളിക്കേണ്ടത്. പക്ഷേ, നമ്മുടെ സേവകരായ ആളുകളെ നമ്മൾ ‘സാർ’ എന്നുവിളിക്കുകയും അവർ നമ്മളോട് മോശമായി പെരുമാറുകയുമാണ് ഇവിടെ നടക്കുന്നത്. മുതലാളിയെ ജോലിക്കാരൻ ചീത്ത പറയുന്നതുപോലെയാണ് അതെന്നും അദ്ദേഹം പറഞ്ഞുഭരണഘടന പറയുന്നത് ഇന്ത്യയിലെ ഓരോ പൗരന്മാരും പരമാധികാരം ഉള്ളവരാണെന്നാണ്.
ഭരണഘടനക്ക് മുകളിൽ മറ്റൊന്നുമില്ല. അഭിഭാഷകർ മാത്രമല്ല, ഓരോ പൗരന്മാരും മനസ്സിലാക്കേണ്ട കാര്യമാണിത്. യു.കെയിലേതുപോലെ ഇന്ത്യയിൽ രാജാവില്ല. നമ്മൾ ഓരോരുത്തരുമാണ് രാജാവ്. ചവറ കൾചറൽ സെൻറർ സംഘടിപ്പിച്ച ‘യുവത: ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.