പത്തനംതിട്ട: സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹചര്യത്തിൽ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.(Water level dangerous in Achankovil and Kalladayar)
നദിയുടെ തീരത്ത് താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതലാണ് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്.