കാനഡയ്‌ക്കെതിരായ അവസാന മത്സരം ഫ്ലോറിഡയിലെ മോശം ഔട്ട്‌ഫീൽഡ് കാരണം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട കാമ്പെയ്ൻ ശനിയാഴ്ച സമാപിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുള്ള ഇന്ത്യ ഗ്രൂപ്പ് എ ടേബിൾ ടോപ്പർമാരായി സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി.
അടുത്ത റൗണ്ടിനായി ഇന്ത്യൻ ടീം കരീബിയൻ ദ്വീപിലേക്ക് പോകാനിരിക്കെ, 4 അംഗ ട്രാവലിംഗ് റിസർവ്സ് സംഘത്തിൻ്റെ ഭാഗമായിരുന്ന ശുഭ്മാൻ ഗില്ലും അവേഷ് ഖാനും ടീമിൽ നിന്ന് പുറത്താകും. ഇരുവരും ഇന്ത്യയിലേക്ക് മടങ്ങും.
അച്ചടക്ക പ്രശ്‌നങ്ങൾ’ കാരണം ആണ് ഗില്ലിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതെന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് വാസ്തവമല്ലെന്നും, എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇന്ത്യൻ ബാറ്റിംഗ് കോച്ച് അഭ്യൂഹങ്ങൾ നിഷേധിച്ചു.
ടൂർണമെൻ്റിന് മുമ്പ് രണ്ട് റിസർവ് താരങ്ങൾ മാത്രമേ കരീബിയൻ ലെഗിനുള്ള ടീമിൽ ചേരൂ എന്ന് മാനേജ്‌മെൻ്റ് ടീം നേരത്തെ തീരുമാനിച്ചിരുന്നുവെന്നു റാത്തൂർ വെളിപ്പെടുത്തി. “ഇത് ആദ്യം മുതലുള്ള പ്ലാൻ ആയിരുന്നു. ഞങ്ങൾ യുഎസിൽ വരുമ്പോൾ നാല് കളിക്കാർ ടീമിനൊപ്പം ചേരും. അതിനുശേഷം രണ്ട് പേർ പുറത്തിറങ്ങും, രണ്ട് പേർ ഞങ്ങളോടൊപ്പം വെസ്റ്റ് ഇൻഡീസിലേക്ക് യാത്ര ചെയ്യും.
ഈ പ്ലാൻ ആദ്യം മുതൽ തയ്യാറാക്കിയതാണ്. ഇപ്പോൾ ഞങ്ങൾ അത് പിന്തുടരുകയാണ്,” റാത്തൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജൂൺ 20 വ്യാഴാഴ്ച ബാർബഡോസിൽ നടക്കുന്ന സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.