കടുത്ത ചൂടിലും മഴ പെയ്യുമോ എന്ന് നോക്കിയിരിക്കുകയാണ് മലയാളികൾ. എന്നാൽ ആശ്വസിക്കാൻ വകയുള്ളഒരു വാർത്തയാണ് പത്തനംതിട്ടയിൽ നിന്ന് വരുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെയും വടക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
