കാഞ്ഞങ്ങാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ നഴ്സിങ് വിദ്യാർഥിനി ചൈതന്യകുമാരിയുടെ (20) ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഇപ്പോഴും മംഗലാപുരം ആശുപത്രിയിൽ വെന്റിലേറ്ററിൽ തന്നെയാണ് വിദ്യാർഥിനി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് മംഗലാപുരം ആശുപത്രിയിൽ ഒപ്പമുള്ളത്. ഇന്നലെ കാര്യമായ പ്രതിഷേധ പരിപാടികളൊന്നും വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
വാർഡന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റു തുടർനടപടികളൊന്നും ഇതുവരെ ഉണ്ടാകത്തതിൽ വിദ്യാർഥികൾക്ക് ഇപ്പോഴും അമർഷമുണ്ട്.
നിലവിൽ അറസ്റ്റ് ചെയ്യേണ്ട വകുപ്പിലല്ല എഫ്.ഐ.ആർ രജിസ്റ്റ്ർ ചെയ്തതെന്നതിനാൽ ആരോപണവിധേയരായവരുടെ അറസ്റ്റിനും സാധ്യതയില്ല. പ്രതിക്ക് നോട്ടീസ് നൽകും. ദിവസങ്ങളായി നടന്ന യുവജന പ്രതിഷേധത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്..
വിദ്യാർഥികളടക്കം നിരവധി പേർ പൊലീസിന്റെ ലാത്തിചാർജിൽ പുക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്. ഡിവൈ.എസ്.പിയും ആശുപതി മാനേജ്മെന്റും ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ സഹപാഠികളുമായി ചർച്ച നടത്തി. ചർച്ചയിൽ വിദ്യാർഥിനികൾ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാനും മറ്റു ചില കാര്യങ്ങളിലും നഴ്സിങ് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്നതടക്കമുള്ളതായിരുന്നു ആവശ്യം. വിദ്യാർഥിനികളുടെ ഈ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് അംഗീകരിച്ച സാഹചര്യത്തിൽ നഴ്സിങ് വിദ്യാർഥിനികളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം നിലച്ച മട്ടിലാണ്.
പ്രതിേഷധവുമായി മൻസൂർ ആശുപത്രിക്ക് മുന്നിലെത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്ന് ക്രൂരമായി ലാത്തിയടിയേറ്റ സംഭവത്തിൽ ഡിവൈ.എസ്.പിക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.