ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിച്ചതിന് ശേഷം ഇതിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.
ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പിന്നാലെ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം കടുത്ത നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങി.
ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വഖഫ് ബില്ലിൽ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും എതിർപ്പുകൾ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിർപ്പിനെ ശക്തമായി മറികടക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.
അതേസമയം, ബില്ലിന്മേൽ പ്രതിഷേധിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിപറഞ്ഞു. രാജ്യത്തിനും പൗരന്മാർക്കും പ്രയോജനമായതെല്ലാം തങ്ങൾ ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.









