തിരുവനന്തപുരം: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണ്. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഇപ്പോഴും തുടരുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദൻറെ വിശദീകരണം. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സുഖമില്ലായ്മ കാരണം വീട്ടിലാണ് കഴിയുന്നതെങ്കിലും വിഎസിനെ ആദരവ് എന്ന നിലയിൽ സംസ്ഥാന ഘടകത്തിൽ നിലനിർത്തണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതാണ് എംവി ഗോവിന്ദൻ അംഗീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി വാങ്ങിയാണ് ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വിശദീകരണം നടത്തിയിരിക്കുന്നത്.
”വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാർത്തയെഴുതിയത് തനി തോന്ന്യാസമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോൾ കിടപ്പിലാണ്. കഴിഞ്ഞ പ്രാവശ്യവും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടറിയറ്റിൽനിന്നും ഇത്തവണ ഒഴിഞ്ഞവരിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞെങ്കിലും പാർടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി തുടരും. പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി എസ് അച്യുതാനന്ദനാണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്ന് ഗോവിന്ദൻ പറയുന്നു.
പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത് പാർട്ടി സെന്ററുകളിൽ പ്രവർത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാർട്ടിക്കായി ഉപയോഗിക്കും. അവരെ പൂർണമായും ഭാഗമാക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്. അല്ലാതെ ഒഴിവാക്കുക എന്നതല്ല. എസ് രാമചന്ദ്രൻപിള്ള അടക്കമുള്ളവർ പാർട്ടിക്കൊപ്പംനിന്ന് പ്രവർത്തിക്കുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്”-എം വി ഗോവിന്ദൻ പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിച്ച മാധ്യമങ്ങൾക്കും സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ ജനമുന്നേറ്റം മറച്ചുവയ്ക്കാനായില്ലെന്ന് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുന്നു.
സമ്മേളനത്തിന്റെ തുടക്കത്തിൽ നൂറുശതമാനം നിഷേധാത്മക സമീപനമാണ് ഒരു വിഭാഗം മാധ്യമങ്ങൾ സ്വീകരിച്ചത്. അവർക്കും സമാപനദിവസത്തെ ജനമുന്നേറ്റത്തെ പ്രതിഫലിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. മറിച്ചായാൽ, അത് ജനം അംഗീകരിക്കില്ലെന്ന് അവർക്ക് മനസ്സിലായി. പോസിറ്റാവായും നെഗറ്റീവായും മാധ്യമങ്ങൾ വാർത്തകൾ നൽകിയിട്ടുണ്ട്. പോസിറ്റീവായത് മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും എം വി ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞു.
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ അവതരിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു സമ്മേളനത്തിലും അന്ന് ചർച്ചയായി. മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നും വിഎസ് അച്യുതാനന്ദനൊപ്പം നിന്ന നേതാവാണ് മേഴ്സിക്കുട്ടിയമ്മ. വിഎസ് അച്യുതാനന്ദനൊപ്പം നിന്നിരുന്ന പലരേയും യോഗ്യതയുണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തിരുന്നില്ല.
പുതിയ പാനൽ അംഗീകരിക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മേഴ്സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഎമ്മിലെ ‘വിഎസ് യുഗ’ത്തിനു പാർട്ടി തന്നെ ഔദ്യോഗികമായി ഇപ്പോൾ വിരാമമിടുകയാണ്. എന്നാൽ ആരോഗ്യാവസ്ഥ മോശമാണെങ്കിലും ആദരവ് എന്ന നിലയിൽ വിഎസിനെ ക്ഷണിതാവാക്കണമെന്ന നിലപാട് സിപിഎമ്മിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. ഇതാണ് ഗോവിന്ദൻ അംഗീകരിക്കുന്നതും.
വിഎസിനെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തിലും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. ഇത്തവണയും കൊല്ലം സമ്മേളനത്തിൽ അത് തുടരുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയ്ക്കുള്ള ആദരവ് എന്ന രീതിയിൽ അങ്ങനെ വേണമെന്ന് ആഗ്രഹിച്ച പ്രവർത്തകരും ഏറെയായിരുന്നു. എന്നാൽ സമ്മേളനത്തിലെ പാനലിൽ വിഎസ് ഉണ്ടായില്ല. ഇത് ചർച്ചയായതോടെയാണ് ഗോവിന്ദന്റെ വിശദീകരണം.