കൊച്ചി:’റോബോട്ടിക്ക് സർജറി’ എന്ന നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ ഇത് നടക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തവരായിരിക്കും കൂടുതലും.
റോബോട്ടിക്ക് സർജറി സിസ്റ്റത്തെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ഇൻ്റ്യൂറ്റീവ് എക്സ്പീരിയൻസ് സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിക് സിസ്റ്റമായ ഫുൾ റോബോട്ടിക് എക്സ്ഐ സിസ്റ്റത്തിന്റെ പ്രദർശനം ആരംഭിച്ചു.
ഡിസംബർ 9ന് ആരംഭിച്ച പരിപാടിയിൽ ആദ്യദിനം വിദ്യാർത്ഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കോർപ്പറേറ്റ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 1000ത്തോളം പേർ പങ്കെടുത്തു.
ആരോഗ്യമേഖലയിൽ റോബോട്ടിക്‌സിൻ്റെ പങ്കിനെകുറിച്ച് കൂടുതൽ അവബോധം നൽകാനും പങ്കെടുക്കുന്നവർക്ക് ഈ വിപ്ലവകരമായ സാങ്കേതികവിദ്യയെക്കുറിച്ച് സമഗ്രമായ ധാരണ നൽകാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡാവിഞ്ചി സംവിധാനത്തിൻ്റെ കൃത്യതയും കാര്യക്ഷമതയും ഉയർത്തിക്കാട്ടുന്ന റോബോട്ടിക് സർജറിയെക്കുറിച്ചുള്ള സംവേദനാത്മക ചർച്ചകൾ, പ്രദർശനങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ഈ റോബോട്ടിക്ക് സിസ്റ്റം ഉപയോഗിച്ച് ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 50ഓളം ശസ്ത്രക്രിയകൾ വിജയകരമായി നടത്തി.
രാവിലെ 10 മുതൽ 4 മണി വരെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലാണ് പ്രദർശനം. പതിനൊന്നാം തീയതി സമാപിക്കും.