ചേലക്കരയിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ ലഘുലേഖയിൽ കേസെടുത്ത് പൊലീസ്. വർഗീയയ പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കം.
ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ചാണ് ലഘുലേഖ പ്രചരിപ്പിച്ചതെന്നാണ് ആക്ഷേപം. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വളർച്ചയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് ക്രൈസ്തവർക്കാണെന്നും ലഘുലേഖയിൽ പറയുന്നുണ്ട്. കോൺഗ്രസ് നേതാവ് ടിഎം കൃഷ്ണൻ ആണ് ലഘുലേഖ സംബന്ധിച്ച് പരാതി നൽകിയത്. ഇതേ തുടർന്ന് ന്യൂനപക്ഷ മോർച്ചയുടെ നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കും.
തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. ഇത്തരം ലഘുലേഖകൾ വിതരണം ചെയ്യുന്നതിന് മുൻപായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ടെന്നാണ് നിയമം. എന്നാൽ ന്യൂനപക്ഷ മോർച്ചയുടെ ലഘുലേഖ വിതരണത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു.
തൃശൂർ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ലഘുലേഖകൾ വിതരണം ചെയ്തതെന്നായിരുന്നു ന്യൂനപക്ഷ മോർച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. എന്നാൽ ലഘുലേഖയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ തൃശൂർ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത സംഭവ വികാസങ്ങളാണ്.
ഇടത്-വലത് മുന്നണികൾ മുസ്ലീം ന്യൂനപക്ഷ പ്രീണനം നടത്തുന്നതായാണ് ലഘുലേഖയിലെ ആരോപണം. ചേലക്കരയിലെ ക്രിസ്ത്യൻ വീടുകൾ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം ചെയ്തിട്ടുള്ളത്.