തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്‌ഘാടന വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞത്തിന് കേന്ദ്രാനുമതി നേടിയെടുക്കാന്‍ ശ്രമം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിഴിഞ്ഞം പോർട്ട് ചെയർമാൻ കരൺ അദാനി ഉമ്മൻചാണ്ടിയുടെ സേവനങ്ങളെ അനുസ്മരിച്ചു.(Vizhinjam port trial run updates)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും അഭിനന്ദിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് പല തടസങ്ങള്‍ക്കിടയിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാൻ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വിഴിഞ്ഞം യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാനമുഹൂര്‍ത്തമാണിത്. ലോകഭൂപടത്തില്‍ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Also: കുട്ടികളുമായി പോയ സ്കൂൾ വാഹനത്തിന് ഫിറ്റ്നസില്ല, കളമശേരി ഇന്റർനാഷണൽ സ്കൂളിന്റെ വാഹനം പിടിച്ചെടുത്തു