തിരുവനന്തപുരം: ഒന്നാം ഘട്ട നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിന് ഒരുങ്ങുന്നു. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.
തുറമുഖത്തിന്റെ പ്രവർത്തനം ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്(വിസിൽ) മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യറും അറിയിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ ഒന്നാം ഘട്ടം നിർമാണം പൂർത്തിയാകുന്നതോടെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിർമാണവും ഉടൻ ആരംഭിക്കും. നേരത്തെ 2045ൽ പൂർത്തിയാക്കാനിരുന്ന ഈ ഘട്ടങ്ങൾ നാല് വർഷങ്ങൾക്കുള്ളിൽ (2028ൽ) പൂർത്തിയാക്കാനാണ് പദ്ധതി.
ഈ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിലും തുറമുഖം പ്രവർത്തനം തുടങ്ങും.
തുറമുഖ നിർമാണത്തിന്റെ ഭൂരിഭാഗം നിർമാണവും പൂർത്തിയായിട്ടുണ്ട്.
ഡ്രെജിംഗ് പ്രവർത്തനങ്ങൾ 98 ശതമാനവും ബ്രേക്ക് വാട്ടർ നിർമാണം 92 ശതമാനവും കണ്ടെയ്‌നർ യാർഡിന്റെ നിർമാണം 74 ശതമാനവും കഴിഞ്ഞു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളും ടഗ്ഗുകളും മറ്റ് ഉപകരണങ്ങളും തുറമുഖത്തെത്തി. കെട്ടിടങ്ങളുടെ നിർമാണവും അവസാനഘട്ടത്തിലാണ്.
ഇതോടെ ലോകോത്തര നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളോടെ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകും. നിലവിൽ 800 മീറ്റർ നീളത്തിലുള്ള ബെർത്ത് സൗകര്യമാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്.
ഇത് 1200 മീറ്റർ കൂടി വർധിപ്പിച്ച് 2000 മീറ്ററാക്കും. കപ്പലുകൾക്ക് സുരക്ഷിതമായി തീരമടുക്കാൻ തിരമാലകളെ ശാന്തമാക്കാനായി നിർമിക്കുന്ന പുലിമുട്ട് രണ്ട് കിലോമീറ്റർ നീളത്തിൽ തയ്യാറായി. ഇത് ഒരു കിലോമീറ്റർ കൂടി നീട്ടും.