ഒമാനിൽ പുതിയ വീസ വിലക്ക് നിലവിൽ വരുന്നതോടെ, മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നം തുലാസിലാകും. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും. Visa ban for 11 jobs in Oman
നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ജനറൽ ഇലക്ട്രീഷൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷൻ, ബാർബർ എന്നീ മേഖലകളിലാണ് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഈ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണ്.
നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറിലധികം തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നിലവിൽ പ്രവാസികൾ ജോലി ചെയ്യുന്ന ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവൽകരണം നടപ്പാക്കും. വിവിധ മേഖലകളിൽ സ്വദേശികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക തസ്തികകൾ അനുവദിക്കും.
6 മാസത്തേക്കാണ് വീസ വിലക്ക്. നിലവിലെ ജോലിക്കാർക്ക് വീസ പുതുക്കാം. സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30ൽ അധികം തൊഴിലുകളാണ് സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തിയത്. സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തിൽ വരും.