കൊല്ലം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഹൈക്കോടതിയിൽ ഹർജി നൽകി. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്.
യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറും
കൊല്ലം: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് റിപ്പോർട്ട്. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു.
കേസിൽ ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്പിക്ക് സമർപ്പിക്കും. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു.
അൽ നഹ്ദയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിയിരുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിനു തൊട്ടു മുമ്പാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.
രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തിരക്കിട്ട ചർച്ചകളും ഉടനടി തീരുമാനങ്ങളുമുണ്ടായത്.
കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോർട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് പുറത്തുവരുന്ന.
ജനിച്ച മണ്ണിൽ സംസ്‌കരിക്കണമെന്ന്
വിപഞ്ചിക മണിയനേയും വൈഭവിയേയും ജനിച്ച മണ്ണിൽ സംസ്‌കരിക്കണമെന്ന് ഷൈലജയും ബന്ധുക്കളും പറഞ്ഞു. കുഞ്ഞിനെ ഷാർജയിൽ തന്നെ സംസ്‌കരിക്കുമെന്ന് നിതീഷ് ഉറപ്പിച്ചതോടെയാണ് ഷൈലജയും ബന്ധുക്കളും കോൺസുലേറ്റിനെ സമീപിച്ചത്.
ഇരുവരുടേയയും മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനായി ഇന്നലെ രാവിലെയാണ് ഷൈലജ ഷാർജയിൽ എത്തിയത്. എന്നാൽ, വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിനു വിട്ടുകൊടുക്കാനായിരുന്നു ആദ്യം കോടതി ഉത്തരവിട്ടത്. ഇതോടെ ഇന്നലെ വൈകിട്ട് 4നു ഷാർജയിൽ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു.
മൃതദേഹം നാട്ടിൽ നിതീഷിന്റെ വീട്ടിൽ സംസ്‌കരിക്കുന്നതിന് എതിർപ്പില്ലെന്ന് ഒത്തുതീർപ്പ് എന്ന നിലയിൽ ഷൈലജ വ്യക്തമാക്കി. എന്നാൽ, ഇത് നിതീഷ് അംഗീകരിക്കാൻ തയാറായില്ല. നിതീഷിന്റെ ശാരീരിക മാനസിക പീഡനങ്ങളിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പ് എഴുതിയെങ്കിലും ഭർത്താവിനെതിരെ എവിടെയും വിപഞ്ചിക പരാതി നൽകിയിരുന്നില്ല.
യുഎഇയിൽ എവിടെയും കേസില്ലാത്ത സാഹചര്യത്തിലാണ് വൈഭവിയുടെ മൃതദേഹം പിതാവിന് വിട്ടു കൊടുക്കാൻ കോടതി തീരുമാനിച്ചത്. ഇത്രയും പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്‌നേഹം കാരണമാണ് മകൾ കേസ് കൊടുക്കാതിരുന്നതെന്ന് ഷൈലജ പറഞ്ഞു. വിപഞ്ചികയുടെ സഹോദരനും ദുബായിലെത്തിയിട്ടുണ്ട്.
English SUmmary:
The family of Vipanchika, who died along with her child in Sharjah, suspects the possibility of murder. Vipanchika’s aunt has filed a petition in the High Court demanding a thorough investigation. The family alleges that Vipanchika was subjected to severe abuse and that there are significant elements of mystery and unnatural circumstances surrounding the deaths.