കൊച്ചി: നവകേരള സദസ്സിനിടെ പ്രതിഷേധ ഗൂഡാലോചന കേസിൽ മാധ്യമ പ്രവര്‍ത്തക വിനീത വി ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിനീത വി ജി നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കെഎസ് യു പ്രവർത്തകർ ഷൂ എറിഞ്ഞിരുന്നു. ഇതിന്റെ ഗൂഡാലോചനയിലാണ് മാധ്യമ പ്രവര്‍ത്തകയെ പൊലീസ് പ്രതിചേര്‍ത്തത്. ഡിസംബര്‍ പത്തിന് വൈകിട്ടാണ് സംഭവം നടന്നത്. മന്ത്രിമാർ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.
പൊലീസ് പ്രവർത്തകരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Read Also: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; കൊലവിളി പ്രസംഗവുമായി SKSSF നേതാവ്