വിനായകാ ഇത് വെറുമൊരു സോറിയിൽ തീരില്ലാ…..ഈ വിനാശകനെതിരെ കേസ് എടുക്കണമെന്ന് സമം
കൊച്ചി ∙ നടൻ വിനായകൻ ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം. പ്രമുഖ പിന്നണിഗായകനും സംഗീതലോകത്തിലെ ഇതിഹാസവുമായ കെ. ജെ. യേശുദാസിനെതിരെ നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫേസ്ബുക്കിൽ നൽകിയ പ്രസ്താവനയിൽ , യേശുദാസിനെതിരെ ഉപയോഗിച്ച അസഭ്യവും അപമാനകരവുമായ ഭാഷ മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണെന്നും, ഇത് തികച്ചും അപലപനീയമാണെന്നും. ദാസേട്ടനോടും പൊതുസമൂഹത്തോടും വ്യക്തിപരമായി പേരെടുത്തു പറഞ്ഞ് വിനായകൻ ക്ഷമാപണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ബഹിഷ്കരണ മുന്നറിയിപ്പ്
വിനായകൻ ക്ഷമാപണം നടത്താതിരിക്കുകയാണെങ്കിൽ, അദ്ദേഹം അഭിനയിക്കുന്ന സിനിമകളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണുന്നതിൽ നിന്ന് സഹൃദയർ വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പും സമം പ്രസ്താവനയിൽ നൽകി.
സംഘടന ചൂണ്ടിക്കാട്ടിയത്, യേശുദാസ് കേരളത്തിന്റെ മാത്രം അഭിമാനമല്ല, ഇന്ത്യൻ സംഗീതലോകത്തിന്റെ വലിയൊരു പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും, ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണം കലയുടെ ഗൗരവത്തെയും സംസ്‌കാരത്തിന്റെ മഹത്വത്തെയും ബാധിക്കുന്നതാണെന്നും
സമം പങ്കുവച്ച പോസ്റ്റിൻറെ പൂർണരൂപം
വിനാശകന് മാപ്പില്ല!
ഇൻഡ്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മുതിർന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയർമാനുമായ സംഗീതജ്ഞൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികൾ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിർന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല. “ശ്രീ വിനായകം നമാമ്യഹം” എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.
മുമ്പൊരിക്കൽ സൈബർ അക്രമങ്ങൾ അതിരു കടന്നപ്പോൾ സമം സൈബർ സെല്ലിൽ പരാതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെ യും കുടുംബാംഗങ്ങളുടെയും താൽപര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും AMMA സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.
സമത്തിന്റെ പ്രതിഷേധക്കുറിപ്പിൽ, സമുന്നതനായ ഗന്ധർവ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കിൽ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേർക്കപ്പെട്ടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായിക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു. “വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല.” ഈ സംസ്കാരശൂന്യതയ്ക്കെതിരെ – സൈബർ ഗുണ്ടായിസത്തിനെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും.
മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു
English Summary:
Malayalam playback singers’ association ‘Samam’ has demanded a public apology from actor Vinayakan for his derogatory remarks against singer K. J. Yesudas, warning of a boycott of his films and events if he fails to apologise.









