ചെന്നൈ: രാഷ്രീയ പ്രവേശനത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. തമിഴ്നാട് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് 4ന് സമ്മേളനം ആരംഭിക്കും.(Vijay party TVK’s First State Conference today evening)
85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനത്തിനായി സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ളത്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ, റിമോട്ട് ഉപയോഗിച്ചാണ് പാർട്ടിപതാക ഉയർത്തുക. വൈകിട്ട് ആറു മണിക്ക് സ്ഥലത്തെത്തുന്ന വിജയ് 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വേദിയിലേക്ക് കടക്കുക.
തമിഴ്നാടിനു പുറമേ കേരളം, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തുന്നുണ്ട്. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകളാണ് ഇരിക്കാനായി ഒരുക്കിയിട്ടുള്ളത്. കൂറ്റൻ വിഡിയോ വാളുകളും സജ്ജമാക്കിയിട്ടുണ്ട്. വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ പലരും മുറികൾ ബുക്ക് ചെയ്തിരുന്നു.
5 കാരവാനുകളാണ് വിജയ്‌ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി അറിയിച്ചു.