ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിലുള്ള മകളുടെ വസതിയിൽ വെച്ച് ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.(Veteran journalist S Jayachandran Nair passes away)
തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. 1957 ൽ കൗമുദിയിലാണ് അദ്ദേഹം തന്റെ പത്രപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു.
പിന്നീട് 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോഴും ജയചന്ദ്രൻ നായരായിരുന്നു പത്രാധിപർ.
നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്‍റെ പിറവി എന്ന സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു. ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിർമിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ് അദ്ദേഹം.
സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപയും ആണ് മക്കൾ.