ഇരട്ട ക്ലച്ച്, ബ്രേക്ക് പെഡലുകൾ ഉള്ള വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. മൂന്നു മാസത്തേക്ക് കൂടി ഈ സംവിധാനം തുടരാമെങ്കിലും അതിനുശേഷം ഇത്തരം വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഉപയോഗിക്കാനാകില്ല. ചില സ്ഥലങ്ങളിൽ റോഡ് ടെസ്റ്റുകളിൽ വിജയിപ്പിക്കാൻ ഉദ്യോഗസ്ഥർ ഇടപെടുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ സമീപത്ത് ഇരുന്ന് ക്ലച്ച് നിയന്ത്രിക്കുന്നതും അതുമൂലം വാഹനം നിന്നു പോകുന്നത് ഒഴിവാക്കി ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കുന്നതുമായിട്ടാണ് കണ്ടെത്തിയത്. ഇത് ഒഴിവാക്കുന്നതിന് കൂടിയാണ് പുതിയ നീക്കം.
ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പക്ഷേ ഇരട്ട നിയന്ത്രണ സംവിധാനം നിർബന്ധമാണ്. ടെസ്റ്റിന് ഈ വാഹനങ്ങൾ ഉപയോഗിക്കാനും ആവില്ല. ഫലത്തിൽ ടെസ്റ്റ് നായി പ്രത്യേകം വാഹനങ്ങൾ വാങ്ങേണ്ട അവസ്ഥ സംജാതമാകും. ഇത് ഡ്രൈവിംഗ് സ്കൂളുകാർക്ക് അധിക ബാധ്യതയാകും. നന്നായി ഡ്രൈവിംഗ് പരിശീലിച്ചവരെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഭ്രമമൂലം അബദ്ധങ്ങൾ പറ്റാറുണ്ട്. ടെസ്റ്റിനടെ വാഹനം ഓടിക്കുന്നയാൾ ഏതെങ്കിലും പിഴവ് വരുത്തിയാൽ ഇരട്ട നിയന്ത്രണമുള്ള വണ്ടികളിൽ വെഹിക്കിൾ ഇൻസ്പെക്ടർക്ക് വാഹനം നിയന്ത്രിക്കാനാവും. അതിനാൽ ഇത് ഒഴിവാക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഇത് പക്ഷേ ഗുണത്തെക്കാൾ കൂടുതൽ ദോഷം വരുത്തി വയ്ക്കും എന്നാണ് അധികൃതരുടെ അഭിപ്രായം. ഫലത്തിൽ മൂന്ന് മാസത്തേക്ക് പ്രശ്നം ഒന്നുമില്ലെങ്കിലും അതിനുശേഷം പുതിയ വാഹനങ്ങൾ വാങ്ങേണ്ടിവരും എന്നത് ഡ്രൈവിംഗ് സ്കൂളുകൾക്ക് തലവേദന തന്നെയാണ്.