കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്ത് വിടാതെ സർക്കാർ എന്തിന് അടയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. VD Satheesan said that immediate action should be taken on the Hema committee report
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും സതീശൻ പറഞ്ഞു.
റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. സിനിമ മേഖലയില്‍ ലൈംഗിക ചൂഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നാലരവർഷം പുറത്ത് വിടാതെ സർക്കാർ എന്തിന് അടയിരുന്നു എന്നും വി ഡി സതീശൻ ചോദിച്ചു.
ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടി കേരളത്തിന് അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്.
ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാര്‍ശകളിൽ അടിയന്തരമായി നടപടിയെടുക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
2017ൽ കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദങ്ങൾ ഉയർന്നത്.
ഇതിൻ്റെ ചുവടുപിടിച്ച് രൂപംകൊണ്ട സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടന ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മറ്റിയെ നിയോഗിച്ചത്.
സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങളിലെല്ലാം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
മുതിർന്ന താരം ശാരദ, ഐഎഎസിൽ നിന്ന് വിരമിച്ച കെ.ബി.വത്സല കുമാരി എന്നിവർ ആയിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
വിരമിച്ച ന്യായാധിപന്മാരെ അധ്യക്ഷരാക്കി കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം രൂപീകരിക്കുന്ന അന്വേഷണ കമ്മീഷൻ്റെ സ്വഭാവം ആയിരുന്നില്ല ഹേമ കമ്മറ്റിക്ക്.
അതുകൊണ്ട് തന്നെ റിപ്പോർട്ട് എങ്ങനെ സമർപ്പിക്കണം, എപ്പോൾ അങ്ങനെ പുറത്തുവിടണം, തുടർനടപടി ഏങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളിലൊന്നും സർക്കാരിന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല.
ഇക്കാരണത്താൽ കമ്മറ്റി നിർദേശിച്ച മാർഗരേഖ അതുപോലെ പിന്തുടരാനാണ് സർക്കാർ തീരുമാനിച്ചത്. അത് പ്രകാരമാണ് പുറത്താർക്കും നൽകേണ്ട എന്ന് തീരുമാനിക്കുകയും ആകെയുള്ള രണ്ടു കോപ്പികൾ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു പോരുകയായിരുന്നു.
റിപ്പോർട്ട് അതുപടി പുറത്തുവിടരുതെന്ന് നിർദേശിച്ചത് ജസ്റ്റിസ് ഹേമയാണ്. കാരണം അവർ തന്നെ വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തിൻ്റെയോ കമ്മിഷൻ എൻക്വയറിയുടെ മാതൃകയിൽ വസ്തുതാന്വേഷണം കമ്മറ്റി നടത്തിയിട്ടില്ല.
പകരം പരാതിയുള്ള സിനിമാ പ്രവർത്തകരുടെ മൊഴികൾ എഴുതിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചിലരോട് നേരിൽ സംസാരിക്കാനും കഴിഞ്ഞിട്ടില്ല. ഇമെയിൽ, വാട്സാപ്പ് മുഖേനയെല്ലാം പരാതികൾ സ്വീകരിച്ചിട്ടുണ്ട്.
പറയുന്ന കാര്യങ്ങൾക്ക് തെളിവ് വേണമെന്ന നിഷ്കർഷ ഒരുഘട്ടത്തിലും വച്ചിട്ടില്ല. സ്വന്തം അനുഭവം അല്ലാതെ മറ്റുള്ളവർ നേരിട്ട പ്രശ്നങ്ങൾ പരാതിയായി ഉന്നയിച്ചവരുമുണ്ട്. ഉദാ: ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ചിലർ അറിയിച്ചത് പ്രകാരം അവരെ നേരിൽ കാണാൻ പലവഴികൾ നോക്കിയെങ്കിലും മുന്നിലെത്താൻ അവർ തയ്യാറായില്ല.
ഒടുവിൽ അവരുമായി അടുപ്പമുള്ള മറ്റൊരാൾ ഇമെയിൽ മുഖേനയാണ് കാര്യങ്ങൾ അറിയിച്ചത്. ഇതുകൊണ്ടെല്ലാം ഇവ ഓരോന്നിലും വസ്തുത എത്രയുണ്ടെന്ന് വിവേചിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മൊഴി നൽകിയവർ തന്നെ പലരും ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ ആണ് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ നിർദേശിച്ചത്.
സിനിമയിലെ പലർക്കെതിരെയും മൊഴികൾ റിപ്പോർട്ടിൽ ഉണ്ട്. പരാതിക്കാരുടെയും പ്രതിസ്ഥാനത്ത് ഉള്ളവരുടെയും പേരുകൾ സഹിതം ആണിത്. എന്നാൽ ഒരു കാര്യവും പരിശോധിച്ച് ഉറപ്പാക്കിയിട്ടില്ല.
കാലപ്പഴക്കം കൊണ്ടും, വിഷയത്തിൽ ഉൾപ്പെട്ട ചിലരെല്ലാം മരിച്ച് പോയത് കൊണ്ടും, അങ്ങനെ മറ്റ് ഒരുപാട് കാരണങ്ങൾ കൊണ്ടും, പലതും ഇനി പരിശോധിച്ച് വസ്തുത തെളിയിക്കാൻ നിർവാഹവുമില്ല.
അതീവ ഗൗരവ സ്വഭാവമുള്ള പരാതികളും ചിലർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പുതിയൊരു കേസോ നടപടികളോ പലർക്കും താൽപര്യമില്ല. ഇതിൻ്റെ തുടർച്ചയായി മറ്റൊരിടത്തും മൊഴി നൽകേണ്ടി വരില്ല എന്ന ഉറപ്പിലാണ് അത്തരം കാര്യങ്ങൾ ചിലരെല്ലാം തുറന്നുപറഞ്ഞത് പോലും. അതുകൊണ്ട് തന്നെയാണ് മറ്റൊരു പോലീസ് അന്വേഷണമോ ഒന്നും ജസ്റ്റിസ് ഹേമ ശുപാർശ ചെയ്യാത്തത്.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതകളും, നൽകിയിട്ടുള്ള ശുപാർശകളും പരിഗണിച്ച് സിനിമാ മേഖലക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ആവിഷ്കരിക്കാൻ ആണ് ജസ്റ്റിസ് ഹേമയുടെ ശുപാർശ. ലൈംഗിക ചൂഷണം മുതൽ വേതനപ്രശ്നങ്ങൾ വരെ പരിഗണിക്കാനുണ്ട്.
അതിന് ആവശ്യമായ കമ്മറ്റികൾ, ചട്ടങ്ങൾ ഒക്കെ രൂപീകരിക്കുക എന്നതായിരുന്നു കമ്മറ്റി ഉദ്ദേശിച്ചത്. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് ഇതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കാൻ ഒരുങ്ങിയതുമാണ്.
ഇതിനായി സാംസ്കാരിക മന്ത്രി ആയിരുന്ന എ.കെ.ബാലൻ മുൻകൈയെടുത്ത് ചില യോഗങ്ങൾ വിളിച്ചുചേർക്കാൻ ശ്രമിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. സിനിമാ സംഘടനകൾ നിസഹകരിച്ചതാണ് പ്രധാന കാരണം.
മറ്റൊരു മേഖലയ്ക്കും ആവശ്യമില്ലാത്ത വിധമൊരു നിയന്ത്രണം സിനിമക്ക് മാത്രമായി എന്തിനാണ്, മറ്റെല്ലാ മേഖലകളെക്കാളും മോശമാണ് സിനിമയിലെ സ്ഥിതി എന്ന് പറയാൻ സർക്കാരിൻ്റെ പക്കൽ എന്ത് ഡേറ്റ ഉണ്ട്, നടിയെ ആക്രമിച്ചത് പോലൊരു കേസ് ഉണ്ടായതിൻ്റെ പേരിലാണ് എങ്കിൽ അതിലും രൂക്ഷമായ പ്രശ്നങ്ങൾ മറ്റ് ഏതെല്ലാം തൊഴിൽ മേഖലകളിൽ ഉണ്ടായിട്ടുണ്ട്…. തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് സംഘടനകൾ സർക്കാരിന് മുന്നിൽ വച്ചത്. ഇതോടെയാണ് തിരക്കിട്ട്, ഏകപക്ഷീയമായ നടപടി വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.
റിപ്പോർട്ട് പുറത്തുവിടണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നപ്പോഴും സർക്കാർ മടിച്ചത് ഇങ്ങനെ പലവിധ കാരണങ്ങൾ കൊണ്ടാണ്. വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടെയാണ് പൂർണരൂപത്തിലല്ല എങ്കിലും ഇപ്പോൾ പുറത്തുവരാൻ സാഹചര്യം ഒരുങ്ങിയത്.
വിവരാവകാശ നിയമത്തിലെ സെക്ഷൻ 10 പ്രകാരം വെളിപ്പെടുത്താൻ പാടില്ലാത്ത വിവരങ്ങൾ മറയ്ക്കാൻ വിവരാവകാശ കമ്മിഷൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താൻ വിവരാവകാശ നിയമത്തിൽ ഇപ്പോഴുള്ള പഴുതുകളും ഉപയോഗിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഹേമ കമ്മറ്റി ശുപാർശ ചെയ്ത ദിശയിൽ എന്ത് തുടർനടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്.