ആലപ്പുഴ: അപൂർവ സൗഹൃദത്തിന്റെ കഥയാണ് മുതലമട കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായെത്തിയ വർഷക്കും അമീഷക്കും പറയാനുള്ളത്. എൽകെജിയിൽ തുടങ്ങിയ സൗഹൃദം പഠനം കഴിഞ്ഞ് സർക്കാർ ജോലി കിട്ടിയപ്പോഴും ഒരുമിച്ചായതിന്റെ സന്തോഷത്തിലാണ് ഇരുവരും. പമ്പയാറിന്റെ ഇരു കരകളിലുമായാണ് രണ്ടുപേരുടെയും വീടുകളെങ്കിലും വർഷങ്ങളായി ഒരുമനസോടെയാണ് ഈ ഇവരുടെ ജീവിതം.Varsha and Ameesha, who came as junior health inspectors at Mudalamada Family Health Center, have a story of a rare friendship to tell.
ആലപ്പുഴ കൈനകരി കുട്ടമംഗലം ശ്രീഭവനിൽ എം. അമീഷയും പുത്തൻകളത്തിൽ വർഷാ പ്രദീപുമാണ് എൽകെജിയിൽ തുടങ്ങിയ സൗഹൃദം സർക്കാർ ജോലിയിലും വിടാതെ പിന്തുടരുന്നത്. എൽ.കെ.ജി.മുതൽ പത്താം തരം വരെ കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ ‘എ’ ഡിവിഷനിൽ ഒരേ ബെഞ്ചിലിരുന്നായിരുന്നു ഇരുവരുടെയും പഠനം. എസ്.എസ്.എൽ.സി. ഫലം വന്നപ്പോൾ ഇരുവർക്കും 80 ശതമാനത്തിനു മുകളിൽ മാർക്ക്.
2014-ൽ പ്ലസ്ടുവിനുള്ള അപേക്ഷ ഒരുമിച്ചയച്ചെങ്കിലും അമീഷയ്ക്ക് ആലപ്പുഴ എസ്.ഡി.വി. ഹയർസെക്കൻഡറി സ്കൂളിലും വർഷയ്ക്ക് കുട്ടമംഗലം എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂളിലുമാണ് കിട്ടിയത്. സ്കൂൾ മാറിയതിന്റെ വിഷമം തീർക്കാൻ എല്ലാ ശനിയും ഞായറും ഇരുവരും ഏതെങ്കിലും ഒരാളുടെ വീട്ടിൽ ഒത്തുകൂടി.
പ്ലസ് ടുവിന് ഇരുവർക്കും 85 ശതമാനത്തിനടുത്ത് മാർക്ക്. ഭക്ഷ്യസുരക്ഷാവകുപ്പിൽ ജോലിചെയ്തിരുന്ന വർഷയുടെ അച്ഛൻ പ്രദീപ് ഇവർക്ക് വീണ്ടും ഒരുമിച്ച് പഠിക്കാൻ അവസരമൊരുക്കി. അങ്ങനെ ഇരുവരും ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ അമ്പലപ്പുഴ കരൂർ എ.ഇ.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസിൽ എത്തി.
രണ്ടുവർഷത്തെ പഠനത്തിനുശേഷം 2018-ൽ ഫലം വന്നപ്പോൾ ഇരുവർക്കും ഒന്നാം ക്ലാസ്. അതിനിടെ പാലക്കാട് ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കായി പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കോവിഡ് ഭീതി തുടങ്ങിയ കാലത്ത് 2020 ജനുവരി 12-നായിരുന്നു പരീക്ഷ. ഫലം വന്നപ്പോൾ വർഷയ്ക്ക് റാങ്ക് 28, അമീഷയ്ക്ക് 33. നിയമന ഉത്തരവ് വന്നപ്പോൾ ആഗ്രഹം പോലെ ഇരുവർക്കും കിട്ടിയത് മുതലമട കുടുംബാരോഗ്യകേന്ദ്രം. അമീഷ 2024 മേയ് 22-നും വർഷ മേയ് 29-നും ജോലിയിൽ പ്രവേശിച്ചു.
സ്രാമ്പിചള്ളയിലെ വാടക വീട്ടിലാണ് ഇരുവരും താമസം. അമീഷയുടെ അമ്മ മോഹിനിയും വർഷയുടെ അമ്മ ശ്രീകലയും ഇടയ്ക്ക് കൂട്ടിനു വന്നു താമസിക്കും. അമീഷയുടെ അച്ഛൻ പുഷ്പരാജ് സഹകരണ വകുപ്പിൽ അസി. രജിസ്ട്രാറായി വിരമിച്ചു. സഹോദരൻ അജയ് എൻജിനിയറാണ്. വർഷയുടെ സഹോദരി മേഘ പ്രദീപ് കരസേനാംഗവും തുഴച്ചിൽ ദേശീയതാരവുമാണ്.