IRCTCയുടെ പുതിയ മെനുവിൽ അപ്പം മുതൽ പായസം വരെ
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളിൽ ഇനി കേരളത്തിന്റെ നാടൻ രുചികൾ എത്തും.
യാത്രക്കാർ വർഷങ്ങളായി ഉന്നയിച്ച “വടക്കേ ഇന്ത്യൻ വിഭവങ്ങൾ മാത്രമേ ലഭ്യമാകാറുള്ളൂ” എന്ന പരാതിയെയാണ് റെയിൽവേ ക്യാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) പരിഗണിച്ചത്.
അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെനു പുറത്തിറക്കിയിരിക്കുന്നത്. IRCTCയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ മെനുവിൽ വറുത്തരച്ച കോഴിക്കറി, നാടൻ കോഴിക്കറി, കേരള ചിക്കൻ കറി, ചെട്ടിനാട് കോഴി കറി, മലബാർ ബിരിയാണി, അപ്പം, ഇടിയപ്പം, കേസരി, പായസം തുടങ്ങിയ കേരളത്തിന്റെ സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്ക്ഫാസ്റ്റ് മുതൽ ഡിന്നർ വരെയുള്ള മുഴുവൻ ഭക്ഷണ സമയത്തും കേരളത്തിന്റെ രുചി പങ്കിടുന്ന രീതിയിലാണ് മെനുവിന്റെ രൂപകൽപ്പന.
ബ്രേക്ക്ഫാസ്റ്റ്:
എക്സിക്യൂട്ടീവ് ക്ലാസും (EC) ചെയർകാറും (CC) ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും രാവിലെ ചായ, കാപ്പി, ലെമൺ ടീ, ബ്ലാക്ക് ടീ, ഗ്രീൻ ടീ തുടങ്ങിയ പാനീയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാം. ഇതിനൊപ്പം രണ്ട് ബ്രാൻഡഡ് ബിസ്ക്കറ്റുകളോ മില്ലറ്റ് കുക്കീസുകളോ ലഭിക്കും.
എക്സിക്യൂട്ടീവ് ക്ലാസിൽ കോൺ ഫ്ലേക്സ്, ഓട്സ്, മ്യൂസ്ലി എന്നിവയിൽ ഒന്നും പാലും പഞ്ചസാരയും ചേർത്ത് നൽകും. പഴം, കരിക്കിൻ വെള്ളം, ഫ്ലേവേർഡ് മിൽക്ക്, ലസ്സി, ഫ്രൂട്ട് ജ്യൂസ് എന്നിവയും ഉൾപ്പെടും.
വെജിറ്റേറിയൻ വിഭവങ്ങൾ: മൂന്ന് ഇഡ്ഡലി, വട, കേസരി, സാമ്പാർ, ചട്ണി എന്നിവയോ, അപ്പം/ഇടിയപ്പം കടലക്കറിയോടെയോ ലഭിക്കും.
നോൺ-വെജിറ്റേറിയൻ: ഓംലെറ്റ് അല്ലെങ്കിൽ സ്ക്രാംബിൾഡ് എഗ്ഗ്സ്, വെജ് കട്ട്ലറ്റ്, ബ്രെഡ്, ബട്ടർ, ജാം, അല്ലെങ്കിൽ മുട്ടക്കറിയോടുകൂടിയ അപ്പം/ഇടിയപ്പം എന്നിങ്ങനെയാണ് ഓപ്ഷനുകൾ.
ഉച്ചഭക്ഷണവും ഡിന്നറും:
എക്സിക്യൂട്ടീവ് ക്ലാസിൽ സ്റ്റാർട്ടറിനായി ഹോട്ട് & സോർ, മഞ്ചൗ തുടങ്ങിയ ബ്രാൻഡഡ് സൂപ്പുകൾ ലഭിക്കും.
പ്രധാന ഭക്ഷണത്തിന് മട്ട അരി, നെയ്ച്ചോറ്, മലബാർ അല്ലെങ്കിൽ തലശ്ശേരി ബിരിയാണി എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ചപ്പാത്തി, കേരള പറാത്ത, വീറ്റ് പൊറോട്ട തുടങ്ങിയ ബ്രെഡ് വകഭേദങ്ങളും ലഭ്യമാണ്.
കറികളിൽ കാളൻ, കടലക്കറി, പീച്ചങ്ങാ പരിപ്പ് കൂട്ടാൻ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വെജിറ്റേറിയൻ മെയിൻ കോഴ്സിൽ ആലപ്പി വെജ് കറി, ചെട്ടിനാട് പനീർ & ഗ്രീൻ പീസ്, അവിയൽ തുടങ്ങിയവ ഉണ്ട്.
നോൺ-വെജിറ്റേറിയൻ വിഭാഗത്തിൽ ബോൺലെസ് ചിക്കൻ വിഭവങ്ങൾ മാത്രം നൽകും.
കേരള ചിക്കൻ കറി, ചിക്കൻ വരുത്തരച്ചത്, നാടൻ കോഴിക്കറി (തേങ്ങാപ്പാൽ ചേർത്തത്), ചെട്ടിനാട് കോഴി കറി, ചിക്കൻ റോസ്റ്റ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം.
വൈകുന്നേരം സ്നാക്കുകൾ:
ഗരം പക്കോഡ, മസാല ബോണ്ട, ചീര വട, ഉള്ളി വട, മൈസൂർ ബോണ്ട, പഴംപൊരി തുടങ്ങിയവയാണ് പ്രധാന ഓപ്ഷനുകൾ.
എക്സിക്യൂട്ടീവ് ക്ലാസിൽ ചോക്കോ പൈ, അണ്ടിപ്പരിപ്പ്, പിസ്ത, മഖാന തുടങ്ങിയ ഡ്രൈഫ്രൂട്ടുകളും ലഭിക്കും.
പാനീയമായി ചായ, കാപ്പി, കരിക്കിൻ വെള്ളം, ഫ്ലേവേർഡ് മിൽക്ക്, ഫ്രൂട്ട് ജ്യൂസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മധുരവിഭാഗത്തിൽ പാലട പായസം, ഉണ്ണിയപ്പം, ജിലേബി, ഗുലാബ് ജാമുൻ, ബോളി, ശർക്കര ഉപ്പേരി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം കടവന്ത്രയിലെ പഴയ കാറ്ററിംഗ് സ്ഥാപനത്തിന്റെ കരാർ അവസാനിച്ചതിനെ തുടർന്ന്, പുതിയതായി രണ്ട് സ്ഥാപനങ്ങൾക്കാണ് കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളുടെയും ഭക്ഷണ ചുമതല നൽകിയിരിക്കുന്നത്.
യാത്രക്കാർക്ക് IRCTC വെബ്സൈറ്റ് വഴിയും യാത്രയ്‌ക്കുമുമ്പ് ഓൺലൈനായി ഈ പുതിയ മെനു കാണാനും ഓർഡർ ചെയ്യാനും സാധിക്കും.
പുതിയ ഈ നീക്കത്തോടെ, കേരളത്തിലൂടെയുള്ള വന്ദേഭാരത് യാത്രകൾക്ക് നാടൻ രുചിയുടെ ചൂട് പകരുമെന്ന് പ്രതീക്ഷിക്കാം.









