അലിഗഢ്: ഉത്തർപ്രദേശിൽ ആസിഡ് ആക്രമണം. അലിഗഢിൽ മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ നില ഗുരുതരമാണ്.(UP Woman Throws Acid On Ex-Lover)
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആസിഡ് ഒഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. പരസ്പരം കണ്ട് സംസാരിക്കാമെന്ന ധാരണയിൽ അലിഗഢിലെ റസ്റ്റോറന്റിൽ എത്തിയതായിരുന്നു ഇരുവരും. അല്പസമയത്തെ സംസാരത്തിനു പിന്നാലെ ബാഗിൽ കരുതിയ കുപ്പിയെടുത്ത് യുവതി വിവേക് എന്ന യുവാവിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ ചികിത്സയിലാണ്.
താൻ നിലവില്‍ വിവാഹമോചിതയാണ്. വിവേക് പലപ്പോഴായി തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും തനിക്ക് അയാളെ വിവാഹം ചെയ്യാൻ താല്പര്യമില്ലെന്നും യുവതി പറയുന്നു. വിവാഹം ചെയ്യാമെന്ന് ഇയാൾ പലപ്പോഴായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പറ്റിക്കുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു.
ഇരുവർക്കും പരസ്പരം അറിയാമായിരുന്നുവെന്നും അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രണ്ടുപേരും വഴക്കായതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.