അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കും എന്നും ഇത് മോദിയുടെ ഗ്യാരണ്ടി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വരും നാളെകളിൽ ലോകത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്ന പൈലറ്റ് ആയി ഇന്ത്യ മാറുമെന്നും മോദി പറഞ്ഞു. ന്യൂഡൽഹിയിൽ സിഎൻഎൻ ന്യൂസ് 18 സംഘടിപ്പിക്കുന്ന റേസിംഗ് ഭാരത് സമ്മിറ്റ് 2014 സമാപന ചടങ്ങിലാണ് മോദി സംസാരിച്ചത്. അടുത്ത 25 വർഷത്തേക്കുള്ള മാർഗ്ഗരേഖയും കഴിഞ്ഞ 10 വർഷത്തെ റിപ്പോർട്ട് കാർഡും തയ്യാറാണെന്നും മോദി പറഞ്ഞു. ആദ്യ 100 ദിനങ്ങളിലെ പദ്ധതി തയ്യാറാക്കുകയാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറി. ഈ പുരോഗതി രാജ്യത്തിന്റെ സമസ്ത മേഖലകളിൽ കാണാവുന്നതാണ്. സാധാരണക്കാരുടെ അനുഗ്രഹം തനിക്കുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ ആണ് ഇത്. ഇതാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ സംഭവിച്ച മാറ്റം. പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം തന്നെ 104ാംതവണയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലയെടുക്കുന്നവരെ അവർ പ്രഖ്യാപിക്കുകയാണ്. എന്നാൽ സാധാരണക്കാരുടെ അനുഗ്രഹം തനിക്കുണ്ടെന്നും അതിനാൽ ഭയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.