ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ആൺകുട്ടികൾക്ക് ക്രൂരമർദ്ദനം. ഒരു സംഘം അക്രമികൾ കുട്ടികളെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഇതിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
കുട്ടികളെ കത്തുന്ന സിഗരറ്റ് കുറ്റികൾ കൊണ്ട് കുത്തുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒഡിഷയിലെ പുരി ജില്ലയിലെ ബലംഗ പൊലീസ് സ്റ്റേഷന് കീഴിലുള്ള കോട്കോസാങ് ഗ്രാമത്തിലാണ് സംഭവം.
ഗ്രാമമേളയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഇരകളിൽ ഒരാളുടെ പിതാവ് പറഞ്ഞു. ഗ്രാമങ്ങൾക്കിടയിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട്, അവർ കുട്ടികളെ കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. മൂത്രം കുടിപ്പിച്ചു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾ കൗമാരക്കാരെ എതിരാളി ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും പറയുന്നു. സ്ഥിതിഗതികൾ അതിവേഗം വഷളാവുകയും തുടർന്ന് അവരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികളെ രക്ഷപെടുത്തിയത്.
പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവർക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. അക്രമികളിൽ പലരും മദ്യലഹരിയിലായിരുന്നു. ഗ്രാമമേള കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രണ്ട് ആൺകുട്ടികളും ആക്രമിക്കപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അവരെ രക്ഷപ്പെടുത്തി’ എന്ന് ബലംഗ പൊലീസ് സൂപ്രണ്ട് പുരി വിനിത് അഗർവാൾ പറഞ്ഞു.