ലണ്ടനിൽ മലയാളികളുടെ മരണ വാർത്തകൾ അവസാനിക്കുന്നില്ല. അടുത്തിടെ വർധിച്ചുവരുന്ന മരണങ്ങളിൽ മലയാളികൾ ആശങ്കയിൽ ആഴ്ന്നിരിക്കെ പുതിയൊരു മരണവാർത്ത കൂടി എത്തിയിരിക്കുകയാണ്.
ലണ്ടന്‍ മലയാളി ജോനാസ് ജോസഫ് ആണ് അപ്രതീക്ഷിതമായി വിട്ടു പിരിഞ്ഞിരിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് അറിയുന്നത്. 52 വയസു മാത്രമായിരുന്നു പ്രായം.
ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് തൃശൂര്‍ ഇരിഞ്ഞാലക്കുടക്കാരയിലെ കോണിക്കര കുടുംബാംഗമായ ജോനാസ് ജോസഫ് ലണ്ടനിലെത്തിയത്. ഇവിടെ കുടുംബവുമൊത്തായിരുന്നു താമസം.
പുലര്‍ച്ചെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഉടനെ എമര്‍ജന്‍സി സര്‍വ്വീസിനെ അറിയിച്ച് ആംബുലന്‍സ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പാരാമെഡിക്കൽ സ്റ്റാഫ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ഫിഞ്ച്‌ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്റ് സപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സൗമിനി എബ്രഹാമാണ് ഭാര്യ. മൂത്തമകന്‍ ജോഷ്വാ ജോനാസ് ഇയര്‍ 8 വിദ്യാര്‍ത്ഥിയും ഇളയ മകന്‍ അബ്രാം ഇയര്‍ 3 വിദ്യാര്‍ത്ഥിയുമാണ്.
ജോനാസ് ജോസഫിന്റെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ അഗാധ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.