കൊച്ചി: എറണാകുളം ലോക്‌സഭാ സീറ്റില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം. ചര്‍ച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍തന്നെ അത്ര ‘പ്രശസ്തയല്ലാത്ത’ കെ ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. പാര്‍ട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതില്‍ അറിയപ്പെടുന്ന ആളല്ല കെ ജെ ഷൈന്‍. എന്നാല്‍ തന്റെ തട്ടകമായ വടക്കന്‍ പറവൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യമാണ് ഷൈന്‍. മികച്ച പ്രാംസംഗിക കൂടിയ ഇവര്‍ ഡെപ്യൂട്ടേഷനില്‍ സമഗ്ര ശിക്ഷ കേരളയില്‍ (എസ്എസ്‌കെ) ട്രെയിനറായി ജോലിചെയ്യുകയാണ്.
പാര്‍ട്ടി സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഷൈന്റെ സ്ഥാനാര്‍ഥിത്വം സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്.
കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കില്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയായി.
കഴിഞ്ഞ മൂന്ന് ടേമായി വടക്കൻ പറവൂർ നഗരസഭാംഗമാണ് കെ.ജെ. ഷൈൻ. നിലവിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. തിരഞ്ഞെടുപ്പിലും നഗരസഭാംഗമെന്ന നിലയിലുമുള്ള മികവാണ് പാർട്ടി നേതൃതത്വത്തിന് ടീച്ചറിൽ ആത്മവിശ്വാസമുണ്ടാക്കിയത്. യു.ഡി.എഫിന് മേൽക്കയ്യുള്ള മേഖലകളിൽ നിന്നാണ് ടീച്ചർ മൂന്നു തവണയും ജയിച്ചതെന്ന് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
പറവൂർ ഡി.ആർ.സിയിലാണ് ഷൈൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂരിലെ ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം ഉൾപ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ് മികച്ച പ്രാസംഗിക കൂടിയായ ഷൈൻ ടീച്ചർ.
ചേന്ദമംഗലം പോണത്ത് ജോസഫ്-മേരി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ്. ഭർത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമൽ, ചൈനയിൽ ഹൗസ് സർജൻസി ചെയ്യുന്ന അലൻ, ബിരുദ വിദ്യാർഥിനിയായ ആമി എന്നിവരാണ് മക്കൾ.