ഉത്തരാഖണ്ഡ്: ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്ക അപകടം നടന്നിട്ട് പന്ത്രണ്ടു മണിക്കൂർ പിന്നിടുന്നു. ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം കുടുങ്ങി കിടന്നവരുടെ എണ്ണം 36 ആയിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 40 പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേനയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് മെഷീനുകൾ ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. ഓക്സിജൻ പൈപ്പുകൾ ഉള്ളിലേക്ക് കടത്തിയാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ ജീവൻ നിലനിർത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അവശിഷ്ടങ്ങൾ നീക്കം മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിന് രണ്ട്- മൂന്ന് ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് 200 മീറ്റർ മുന്നിലാണ് തുരങ്കം തകർന്നതെന്ന് ഉത്തരകാശി എസ്പി അർപൺ യദുവൻഷി അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തന്നെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും എസ്പി അർപൺ യദുവൻഷി കൂട്ടിച്ചേർത്തു.
പുലർച്ചെ നാലു മണിയോടെ ഉത്തരഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് വീഴുകയായിരുന്നു. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാഗമാണ് തകർന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്ന തുരങ്കം, ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവർത്തനം. ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നും അധികൃതർ പറയുന്നു.
Read Also: ഇന്ത്യൻ ഭൂമി കൈയ്യേറിയെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് പരോക്ഷ മറുപടിയുമായി മോദി.