കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി. യുവതിയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.(unborn child and mother death; Family filed complaint with health minister)
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചിട്ടുണ്ട്. നരഹത്യക്ക് കേസ് എടുക്കാമെന്ന് പൊലീസ് അറിയിച്ചെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. അശ്വതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രസവത്തിനെത്തിയ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞും ആണ് മരിച്ചത്. ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.
കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം.