ലണ്ടൻ: നിയമവിരുദ്ധ കുടിയേറ്റം തടയാൻ നടപടികൾ കടുപ്പിച്ച് യുകെ. നിയമ വിരുദ്ധമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബർ പാർട്ടി സർക്കാർ കഴിഞ്ഞ ദിവസം രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി.
ഇന്ത്യൻ റെസ്റ്റോറെൻറുകൾ, കോഫി ഷോപ്പുകൾ, കാർവാഷ് സെൻററുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.
ലേബർ പാർട്ടി അധികാരത്തിലേറിയതോടെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.
കുടിയേറ്റക്കാരായ 2,580 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതോടെ സുരക്ഷയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധനവുണ്ടായതായി യുകെയിലെ മാധ്യമങ്ങൾ പറയുന്നു.
ലണ്ടൻ റെയിൽവേ സ്റ്റേഷനിൽ ബംഗാളി ഭാഷയിൽ സ്ഥാപിച്ചിരിക്കുന്ന സൈൻബോർഡ് നീക്കം ചെയ്യണമെന്ന ബ്രിട്ടീഷ് എംപി യുടെ ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഗ്രേറ്റ് യാർമൗത്ത് എംപിയാണ് തൻറെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വൈറ്റ്ചാപ്പൽ സ്റ്റേഷനിലെ ബംഗാളി ഭാഷയിലുള്ള സൈൻബോർഡിൻറെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
‘ഇത് ലണ്ടനാണ്, ഇവിടെ സ്‌റ്റേഷൻറെ പേര് ഇംഗ്ലീഷിൽ മതി, ഇംഗ്ലീഷിൽ മാത്രം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം അന്ന് ചിത്രം പങ്കുവെച്ചത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളും യുകെയിൽ കൂടുതൽ ശക്തമാവുകയാണ്.
അനധികൃത കുടിയേറ്റങ്ങൾ വർധിക്കുന്നതോടെ നിരവധി ആളുകൾ ചൂഷണം നേരിടുന്നുണ്ടെന്നും സർക്കാർ കണ്ടെത്തിയിരുന്നു. ഇക്കാലമത്രയും ഇതിനെതിരെ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി യുവേറ്റ് കൂപ്പർ പറഞ്ഞു.
കൂപ്പറിൻറെ മേൽനോട്ടത്തിലാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ നടത്തുന്നത്.