നിയമ വിരുദ്ധമായി വിവിധ ജോലികൾ ചെയ്തുവന്നിരുന്ന കുടിയേറ്റക്കാരെ യു.കെ.യിൽ വലിയ തോതിൽ അറസ്റ്റ് ചെയ്തു നീക്കുന്നു. തിങ്കളാഴ്ച നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഇങ്ങനെ അറസ്റ്റ് ചെയ്തത്. റെസ്റ്റോറന്റുകൾ , കാർ വാഷ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 609 പേരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ പലരും അനധികൃതമായി ഇംഗ്ലീഷ് ചാനൽ മുറിച്ചു കടന്ന് എത്തിയവരും വിസാ കാലാവധി കഴിഞ്ഞിട്ടും ഇംഗ്ലണ്ടിൽ തുടർന്നവരുമാണ്. വടക്കൻ ഇംഗ്ലണ്ടിലെ ഹംബർസൈഡിലുള്ള ഇന്ത്യൻ റസ്‌റ്റോറന്റിൽ നിന്നും ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുടിയേറ്റ നിയമങ്ങൾ മാനിക്കണമെന്നും അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലുടമകളുടെ നടപടി തടയുമെന്നും യു.കെ. ആഭ്യന്തര സെക്രട്ടറി യെവറ്റ് കൂപ്പർ പറഞ്ഞു. നിയമ വിരുദ്ധമായി കുടിയേറിയെത്തിയ ക്രിമിനൽ സംഘങ്ങളെയും പോലീസ് ലക്ഷ്യമിടുന്നുണ്ട്.