കൊല്ലം: കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്ക്ക് കാരണം തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയും ജലാശയങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതുമാണ്.
റോഡിന്റെ അടിത്തറ ബലപ്പെടുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റില്ലേ? ഇങ്ങനെ ചോദിച്ചാല്‍ വെറുതേ അങ്ങ് ബലപ്പെടുത്തിയിട്ട് വലിയ കാര്യമില്ലെന്നതാണ് ഉത്തരം.
അതിന് നല്ലത് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കുന്നതാണ്. സംസ്ഥാനത്ത് വീണ്ടും ഉപയോഗിക്കുകയാണ് ജിയോ ടെക്‌സ്‌റ്റൈല്‍ – ജിയോ സെല്‍ സാങ്കേതിക വിദ്യ.
കൊല്ലത്തെ ആശ്രാമം ലിങ്ക് റോഡിലാണ് നിലവില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ – ജിയോ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് തന്നെ രണ്ടാമത്തെ തവണയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം തൃശൂരില്‍ കുന്നംകുളത്ത് കേച്ചേരി – അക്കിക്കാവ് റോഡിലും സമാനമായ വിദ്യ ഉപയോഗിച്ചിരുന്നു. 2018,19 വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തിലാണ് ഈ റോഡുകള്‍ തകര്‍ന്നത്.
കൊല്ലത്ത് ആശ്രാമം ലിങ്ക് റോഡില്‍ അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജിയോ ടെക്‌സ്‌റ്റൈല്‍ ജിയോ സെല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
ഇതിനോടകം 250 മീറ്ററോളം ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. കായലിന് അഭിമുഖമായുള്ള ലിങ്ക് റോഡിന്റെ ഭാഗത്തെ മണ്ണിന്റെ ബലക്കുറവ് കണക്കിലെടുത്താണ് പുതിയ രീതി ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുന്നത്.
ഈ രീതിയില്‍ നിര്‍മിക്കുമ്പോള്‍ വെള്ളമുയര്‍ന്നാലും റോഡിന് തകര്‍ച്ചയുണ്ടാവില്ല.
ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകരിച്ച ഈ രീതിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗവും കുറവാണ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് റോഡ് അടച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
നിലവിലുള്ള ലിങ്ക് റോഡ് ഉയര്‍ത്തുകയും റോഡിന് ഇരുവശത്തും ഓട, നടപ്പാത, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.
വീതി കുറഞ്ഞ ഭാഗങ്ങളില്‍ 2 വരിയും മറ്റു ഭാഗങ്ങളില്‍ 4 വരിയിലുമാക്കി നിരപ്പില്‍ നിന്ന് ഉയര്‍ത്തി ഡിബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്.