കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി.
ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്തു.
പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു. സിപിഐഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. കെപിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും എം കെ രാഘവന്‍ ആരോപിച്ചു.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്.
നിലവിലെ പാനലുമായി ഡിസിസി നേതൃത്വം പിണങ്ങുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.