മഴ കനത്തതോടെ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം ഉൾപ്പെടെ സ്തംഭിച്ചു. ന്യൂനമർദത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ ചൊവ്വാഴ്ചയും പെയ്യുകയായിരുന്നു. ബുധനാഴ്ച വരെ മഴ നീണ്ടു നിൽക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ റാസൽഖൈമ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ പലയിടത്തും വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറുകയും മണ്ണിടിച്ചിൽ രൂക്ഷമാകുകയും ചെയ്തതോടെ ഒട്ടേറെ തന്ത്രപ്രധാന റോഡുകൾ ആർ.ടി.എ. അടച്ചുപൂട്ടി. ഉമ്മൽ ഖുവൈൻ റോഡ്, ഖൽബ റിങ്ങ് റോഡ് എന്നീ റോഡുകൾ അധികൃതർ അടച്ചു. അൽ-ഐനിൽ വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. എയർപോർട്ടുകളിലേയ്ക്കുള്ള യാത്രക്കാരോട് മെട്രോ ഉപയോഗിക്കാൻ അധികൃതർ നിർദേശം നൽകി. കുവൈത്തി മാർക്കറ്റിലേയ്ക്കുള്ള പ്രവേശനം താതാകാലികമായി അധികൃതർ തടഞ്ഞു.