തൃശൂർ: നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ ഉണ്ടായ ആക്രമണത്തിൻ്റെ പ്രതികാരം, തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു.
കൊടകര വട്ടേക്കാട് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്.
പ്രതികാരം തീർക്കാൻ അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു.
ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും തിരിച്ച് കുത്തേറ്റു.
പൂർവവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.
സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.