യാത്രക്കാരുടെ തലയിൽ കമ്പി വീണു
കൊല്ലം: ട്രെയിനിറങ്ങി നടന്നു പോകുന്ന യാത്രക്കാരുടെ തലയിൽ കമ്പി വീണ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത് എന്നാണ് വിവരം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് ഓടി എത്തിയത്.
സുരക്ഷ മാനദണ്ഡം പാലിക്കാതെയുള്ള നിർമാണമാണ് അപകട കാരണമെന്നാണ് ഉയരുന്ന ആരോപണം. വല കെട്ടാതെ ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു കമ്പികളാണ് താഴേക്കു പതിച്ചത്.
ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു
കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് മലയാളി യാത്രക്കാരന് ദുരനുഭവം ഉണ്ടായത്.
കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്. പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം നടന്നത്.
കാലിൻ്റെ വിരലിന് പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു.
സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെ ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിലാണ് എലി കടിച്ചത്. തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും സമാനമായ രീതിയിൽ എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.
ട്രെയിനിൽ ഏലി ശല്യം കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ റെയിൽവെ അധികൃതർ ബാബുവിന് പ്രാഥമിക ചികിത്സ നൽകി.
കോച്ചിൽ വൃത്തിഹീന സാഹചര്യമായിരുന്നു എന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബാബു അറിയിച്ചു. ട്രെയിനിൽ എന്ത് വിശ്വസിച്ച് യാത്ര ചെയ്യുമെന്നും ബാബു ചോദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു. ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി
കോഴിക്കോട്: ബസ് പാലത്തില്‍ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് വെങ്ങളത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ വെങ്ങളം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ബസ് അമിതവേഗതയിലുമായിരുന്നു എന്നുമാണ് വിവരം. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മീറ്ററോളം കൈവരിയിലേക്ക് ഇടിച്ചുനില്‍ക്കുന്ന തരത്തിലായിരുന്നു ബസ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Summary: Two passengers suffered serious head injuries after an iron rod fell on them while walking along the platform at Kollam Railway Station. The accident occurred during the construction of a new building at the station.