തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ് ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.Two more people have been diagnosed with amoebic encephalitis in Thiruvananthapuram
രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാർഡിൽ താമസിക്കുന്ന വിദ്യാർഥിക്ക് വ്യാഴാഴ്ചയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്.
സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.