ചേർത്തല: സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കള്ള് കുടിച്ചതിനെ തുടർന്ന് ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിലായി. സംഭവത്തെ തുടർന്ന് രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.(Two employees of a toddy shop were arrested for selling toddy to students).
13ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികൾക്ക് ജീവനക്കാർ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വീട്ടിലേക്കുമാറ്റി.
പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലെത്തി. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചും കുടിച്ചതായാണ് വിവരം. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവർ മൂന്നുമുതൽ ആറുവരെ പ്രതികളാണ്. ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗൺസലിങ് നൽകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.