തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടിയായി സ്ഥാനാർത്ഥി ശശി തരൂരിനെ തിരഞ്ഞെടുപ്പു കമ്മീഷൻ താക്കീത് ചെയ്തു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ ശക്തമായ താക്കീത്. രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങൾ അനാവശ്യവും തെളിവുകളില്ലാത്തതാണെന്നും കമ്മീഷൻ വിലയിരുത്തി. തൻ്റെ പരാമർശങ്ങൾ എതിർസ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറെയോ ബിജെപിയെയോ ഉദ്ദേശിച്ചായിരുന്നില്ല എന്ന ശശി തരൂരിൻ്റെ വാദവും തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കരുതെന്നും സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ശക്തമായ താക്കീത് നൽകി.
ഔദ്യോഗിക ചുമതലയിലിരിക്കെ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയതിന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷൻ ഓഫീസർ കെ.എൻ. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലകളിൽ നിന്നും കമ്മീഷൻ ഒഴിവാക്കുകയും ചെയ്തു. ബിജെപി ലീഗൽ സെൽ കൺവീനർ ജെ. പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ “കണ്ണാടി” എന്ന പേരിൽ ലഘുലേഖ വിതരണവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എൻ. അശോക് കുമാറിനെതിരെ പരാതി നൽകിയിരുന്നത്. പരാതിയോടൊപ്പം ലഘുലേഖയുടെ പകർപ്പും സമർപ്പിച്ചിരുന്നു.
ഈ ലഘുലേഖയുടെ ഉള്ളടക്കം തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസർ എന്ന സുപ്രധാന പദവി വഹിക്കുന്ന വ്യക്തിയുടെ വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നിവയിൽ ന്യായമായ സംശയം ഉണ്ടാക്കുമെന്ന് രേഖകളിൽ നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് കെ.എൻ. അശോക് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയത്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കാനും നിർദ്ദേശം നൽകി.
മലയാളം വാർത്താ ചാനലായ ട്വന്റി ഫോർ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം നൽകിയതായും മതനേതാക്കൾക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂർ ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തെ തുടർന്ന് തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ നിയമനടപടികളും ആരംഭിച്ചിരുന്നു.
തെളിവുകളോ രേഖകളോ ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അഭിമുഖത്തിൻ്റെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും ഒരു തരത്തിൽ അവ പ്രസിദ്ധപ്പെടുത്തരുതെന്നും അങ്ങനെയുള്ളവ പിൻവലിക്കണമെന്നും ചാനലിന് കമ്മിഷൻ നിർദ്ദേശം നൽകി.