ഇന്ത്യക്ക് വീണ്ടും തിരിച്ചടി
വാഷിങ്ടൺ: ഇന്ത്യക്കുമേൽ വീണ്ടും കനത്ത പ്രഹരം ഏല്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്ക് ഈ തീരുമാനം ബാധകമാകില്ല.
അമേരിക്കയിൽ പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ട്രംപിന്റെ പ്രഖ്യാപനം ബാധകമാകില്ല.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. 2025 ന്റെ ആദ്യ പകുതിയിൽ 3.7 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിരുന്നത്.
ട്രംപിൻ്റെ പുതിയ പ്രഖ്യാപനം ബഹുരാഷ്ട്ര കമ്പനികൾക്ക് ആധിപത്യമുള്ള ബ്രാൻഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാകുമോയെന്ന് വ്യക്തമായിട്ടില്ല.
അതേസമയം അമേരിക്കയിൽ പ്ലാൻ്റുള്ള ഇന്ത്യൻ കമ്പനികളും ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോർട്ട്.സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് ഇതിനകം അമേരിക്കയിൽ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്.
അതിനാൽ തന്നെ കമ്പനികൾക്ക് ഭയക്കേണ്ട സാഹചര്യമില്ല. യുഎസ് വിപണിയിലെ പ്രധാന ബ്രാൻഡഡ് കമ്പനിയായ ബയോകോണും ഈ മാസം ആദ്യം യുഎസിൽ ഒരു പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്തിട്ടുണ്ട്. അതിനാൽ ഈ തീരുമാനവും ബാധിക്കപ്പെട്ടില്ല.
എന്നാൽ മറ്റൊരു പ്രധാന കമ്പനിയായ സൺ ഫാർമയ്ക്ക് പക്ഷെ അമേരിക്കയിൽ പ്ലാന്റില്ല. അതിനാൽ തന്നെ അമേരിക്ക ആസ്ഥാനമായുള്ള നിർമ്മാണ പദ്ധതികൾ ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധിച്ചേക്കും എന്നുമാണ് വിവരം.
Summary: