ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലമായ ചെനാബ് റെയിൽപ്പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയം. ഇന്ത്യൻ റെയിൽവേ നടത്തിയ പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂർത്തിയായി.Trial run over Chenab Rail Bridge world’s highest rail bridge, successful
ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെയുള്ള ട്രെയിൻ സർവീസ് നോർത്തേൺ റെയിൽവേ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രംബാനിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയിൽപ്പാലത്തിലൂടെ കടന്നുപോകുക. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലകളിലെ അപ്പർ ഹിമാലയത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. 28,000 കോടി ചെലവിൽ പണിയുന്ന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയിൽവേയ്ക്ക് വേണ്ടി അഫ്‌കോൺസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.2017 നവംബറിൽ നിർമാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിർമാണ ചെലവ്. പാരിസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് ഈ പാലത്തിന്(നദിയിൽ നിന്നുള്ള ഉയരം). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകൾ പാലത്തിനെ താങ്ങി നിർത്തുന്നു.
കമാനാകൃതിയുള്ള പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിയ്ക്ക് കുറുകെ നിർമിച്ച പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കാൻ സഹായിക്കും. കമാനത്തിന് 467 മീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കശ്മീർ റെയിൽവെ പദ്ധതിയിൽ പെടുന്ന ഉധംപുർ-ശ്രീനഗർ-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം.
റിക്ടർ സ്‌കെയിലിൽ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതർ പറയുന്നു. കൂടാതെ ശക്തിയേറിയ സ്‌ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാൻ സഹായകമായ സുരക്ഷാസംവിധാനവും പാലത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അഭിമാനമായ ചെനാബ് പാലം വിനോദ സഞ്ചാരകേന്ദ്രമാക്കി കൂടി വികസിപ്പിക്കാൻ റെയിൽവേക്കു പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണുള്ളത്. ഇവിടുത്തെ സവിശേഷ ഭൂപ്രകൃതിക്കൊപ്പം ചെനാബ് മേൽപാലം കാണാനായി തന്നെ സഞ്ചാരികൾ എത്തും. എളുപ്പത്തിൽ കശ്മീർ താഴ്‌വരയിലേക്കു റെയിൽമാർഗം എത്താൻ ചെനാബ് പാലം വഴി സഞ്ചാരികൾക്ക് സാധിക്കും.
ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നുതാണ് ജമ്മു കശ്മീരിലെ രേസി ജില്ല. ശിവ് ഖോരി, സലാൽ ഡാം, ഭീംഗ്രഹ് കോട്ട, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നിങ്ങനെ പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്താറുണ്ട്. ഇനി ചെനാബ് പാലം തുറക്കുന്നതോടെ അതും സഞ്ചാരികൾക്ക് പ്രിയപ്പെട്ട കേന്ദ്രമായി മാറും.