തൃശൂർ: തൃശൂരിൽ മൂന്നുപേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലാണ് സംഭവം. ഒരാളുടെ മൃതദേഹം കണ്ടെത്തി.(Train accident at thrissur; dead body was found)
രാത്രി 8 മണിയോടെയാണ് സംഭവം. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിൻ തട്ടിയെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പ്രദേശത്ത് ചെറുതുരുത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് രവിയെ ഇടിച്ചത്. ഇയാൾ ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് പൊലീസ് രണ്ടു കിലോമീറ്ററോളം തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
വെട്ടിക്കാട്ടിരിയിൽ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ് രവി. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.